Monday 18 August 2014

ഞാൻ സ്റ്റീവ് ലോപസ്’




ഞാൻ സ്റ്റീവ് ലോപസ്’ എന്ന ചിത്രം കണ്ടു. ‘അന്നയും റസൂലും’ എന്ന ആദ്യ ചിത്രത്തിന് ശേഷം രാജീവ്‌ രവി സംവിധാനം ചെയ്യുന്ന ചിത്രം. മെല്ലെ ഒഴുകുന്ന കഥന രീതി;നേർ ജീവിതത്തിൽ നിന്ന് പറിച്ചു നട്ടത് പോലെയുള്ള കഥാപാത്രങ്ങൾ; സൂക്ഷ്മമായ ഭാവങ്ങളിലും വിശധാംശങ്ങളിലും ഉള്ള ശ്രദ്ധ; നല്ല പശ്ചാത്തല സംഗീതം;മികവുറ്റ ചായാഗ്രഹണം- ആദ്യ ചിത്രത്തിലെ ഈ സമീപനം ഇതിലും കാണാം. പൈങ്കിളി പ്രേമവും കോളേജിലെ നേരമ്പോക്കും ഒക്കെയായി കറങ്ങി നടക്കുന്ന ഒരു പയ്യൻ ചില പ്രത്യേക സാഹചര്യങ്ങൾ നിമിത്തം സമൂഹത്തിലെ അധോതലങ്ങളുമായി ഇടപെടേണ്ടി വരുന്നതാണ് ഇതിവൃത്തം. മൃദുല തരളിത ജീവിതം മാത്രം ശീലിച്ച അവൻ പരുക്കൻ വശങ്ങൾ കാണുമ്പോൾ പകച്ചു പോകുന്നു. മുതിർന്ന ലോകത്തിന്റെ വികൃത രീതികൾ അവനു അഗ്രാഹ്യമാണ്‌


ശാന്തവും സ്വചന്ദവുമാനു കഥന രീതി. എന്നാൽ ഇടയ്ക്കു അപ്രതീക്ഷിതമായി ദ്രുത ഗതിയിൽ രുദ്ര ഭാവം കൈവരിച്ചു ഞെട്ടിക്കുന്നുണ്ട് ചിത്രം. അങ്ങനെ സൂക്ഷ്മമായി വരുന്ന ഭാവ താള ഭേദങ്ങൾ ആണ്  ഇതിനെ ആസ്വാദ്യകരം ആക്കുന്നത്. അതിശയോക്തിക്കു ബദലായ അതി സ്വാഭാവികതയാണ്‌ ഇതിന്റെ മുഖമുദ്ര. നേർ ജീവിതത്തിൽ നിന്ന് ഒപ്പിയെടുത്ത നിമിഷങ്ങൾ  ധാരാളം.

ആദ്യം കണ്ടപ്പോൾ ഈ ചിത്രം അത്ര പിടിച്ചില്ല. എന്നാൽ പുനർകാഴ്ചയിൽ ചില പുതിയ അർത്ഥതലങ്ങൾ കണ്ടെത്താനായി. ഈ ചിത്രത്തിൽ ചില ഈടിപൽ (oedipal) അന്തർധാരകൾ ഉണ്ടെന്നു തോന്നി. ശാന്തനും സരളനും ആയ സ്റ്റീവ് മാതൃ സാമീപ്യം  സദാ കാംക്ഷിക്കുന്നവനാണ്. എല്ലാ സ്ത്രീയിലും ഒരു മാതൃ ഭാവം കണ്ടെത്തി അതിൽ സായൂജ്യം  തേടുന്ന ഒരു ബാല മനസ്സാണ് സ്റ്റീവിനുല്ലതു. ഇതൊരു തരാം ഫ്രോയ്ടിയൻ(Freudian) വിശകലനം ആണ് കേട്ടോ. അവന്റെ കാമുകി ഒരു മാതൃ സ്ഥാനത് നിന്ന് കൊണ്ട് അവനെ സദാ ശകാരിക്കുന്നുണ്ട്. അനുസരണയുള്ള ബാലനെ പോലെ അവനു അത്  ഉള്കൊളുന്നുണ്ട് . അത് പോലെ അയല്കാരിയെ ഒളിഞ്ഞു നോക്കുന്നതിനുള്ള പ്രേരണയും ഇത് പോലെ ഒരു ബാല മനസ്സിലേക്കുള്ള മടങ്ങി പോകുന്നതിനുള്ള ഒരു ത്വരയാണ്. ഉറക്കത്തിനും ഉണർവിനുമിടയിലെ അവന്റെ ലോല നിമിഷങ്ങള ഇടയ്ക്ക് ശോഭിതമാക്കുന്നത് അവരുടെ മാറിടത്തെ കുറിച്ചുള്ള സ്മരണകൾ ആണ്. ഭയാനകമായ ഒരു ദുരന്തം നേരിട്ടതിനു ശേഷം മനസ്സ് അരക്ഷിതമായപ്പോഴാണ്  സ്റ്റീവ് അത്തരം കാമനകളിൽ മുഴുകുന്നത് എന്നതും പ്രസക്തം. കരയുന്ന ശിശു അമ്മയുടെ മാറിൽ സുരക്ഷിതത്വം തേടുന്നത് പോലെ. അത് പോലെ അപകടം നിറഞ്ഞ ഒരു സത്യാന്വേഷനതിലേക്ക് അവനെ നയിക്കുന്നതും മറ്റൊരു സ്ത്രീയെ സമാശ്വസിപ്പിക്കാനുള്ള ചിന്തയാണ്. ഒരു ഘട്ടത്തിൽ അവര്ക്കും തന്റെ അമ്മയ്ക്കും ഉണ്ടായേക്കാവുന്ന ആശങ്ക തുലനം ചെയ്തു അവൻ തന്റെ സാഹസത്തിനു ന്യായീകരണം കണ്ടെത്തുന്നുണ്ട്. തന്റെ കാമുകിയുടെ നാമധാരിയായ, അയലത്തെ സുന്ദരിയെ പോലെ തന്നെ മറവിൽ നിന്നും മാത്രം കണ്ടിട്ടുള്ള ആ സ്ത്രീയുടെ മനോവ്യഥ ശമിപ്പിക്കുക എന്നത് തന്റെ ദൌത്യം ആയി കാണാൻ സ്റ്റീവിനെ പ്രേരിപ്പിച്ചത് ഇത്തരം ഈടിപൽ ചോദനകൾ അല്ലെ. അത് തന്നെ അപായപ്പെടുത്താൻ ശ്രമിച്ച ഗുണ്ടയുടെ ഭാര്യ ആണെങ്കിൽ കൂടി. 

തന്റെ പിതാവിനോടും പിതാവ് പ്രതിനിധാനം ചെയ്യുന്ന ചിന്തകളോടും ഉള്ള ഒരു കലഹം കൂടിയാണ് സ്റ്റീവിന്റെ സത്യാന്വേഷണം. പിതാവിനെ ബഹുമാനിക്കുന്നവാൻ തന്റെ പാപങ്ങൾക്ക്‌ പ്രായശ്ചിത്തം ചെയ്യുന്നു എന്ന പഴയ നിയമ പ്രഭാഷകന്റെ വാക്കുകള അനുസരിച്ച് അവൻ പിതാവിന്റെ വഴിക്ക് വരാൻ ശ്രമിക്കുന്നുട്. എങ്കിലും തന്റെ പിതാവ് അത്ര മാത്രം മൂല്യ ശോഷണം വന്ന ഒരു വ്യക്തിയാണെന്ന് അറിയുമ്പോൾ അവനു ധികാരം ചെയ്യേണ്ടി വരുന്നു.

എന്നും സ്ത്രീയുടെ സുരക്ഷിത കൈകൾക്കുള്ളിൽ അണയാൻ ആശിച്ചു അവൻ . എന്നാൽ ആ സുരക്ഷിത വലയത്തിനു  വെളിയിലേക്കു സാഹചര്യങ്ങൾ നിമിത്തം അവനു ഇറങ്ങേണ്ടി വന്നു. സമൂഹത്തിന്റെ പുറമ്പോക്കിൽ വ്യാപരിക്കുന്ന, ചോര മണക്കുന്ന കിരാതന്മാരെ അവൻ വിധിക്കുന്നില്ല. ഇരയോടും വേട്ടക്കാരനോടും ഒരേ തരം  സഹിഷ്ണ മനോഭാവമാണ് അവൻ പുലര്ത്തുന്നത്. മാതൃ സഹജമായ സഹിഷ്ണുത. തന്റെ ദൌത്യം പൂർത്തിയാക്കുമ്പോൾ കിട്ടുന്ന നിർവൃതിയിൽ സ്റ്റീവ് ആഗ്രഹിക്കുന്നത് തന്റെ പ്രണയിനിയുടെ കൈകളിലേക്ക് മടങ്ങാനാണ്. എന്നാൽ തന്റെ പിതാവ് പ്രതിനിധാനം ചെയ്യുന്ന അക്രമത്തിന്റെയും ദുരയുടെയും ലോകത്തിൽ നിന്നുള്ളവർ അവനു പ്രതിബന്ദങ്ങൾ ഒരുക്കുന്നു. അങ്ങനെ പിതാവിന്റെ രൌദ്ര ക്രൂര ലോകത്തിനു നേരെയുള്ള ഒരു പരാജയപ്പെട്ട യുദ്ധം നയിച്ച ദുരന്ത നായകന് ആണ് സ്റ്റീവ്.