Friday 2 September 2011

ഷാജിയുടെ പ്രണയം

അങ്ങനെ ഒരു ദിവസം ഷാജിക്കും പ്രണയമുണ്ടായി. അങ്ങനെ ഒരു അബദ്ധം തനിക്കു സംഭവിക്കുമെന്ന് അയാള്‍ ഒരിക്കലും വിചാരിച്ചില്ല.അതൊക്കെ പൈങ്കിളി സാഹിത്യം വായിച്ചു നടക്കുന്ന ലോലമനസ്കര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാനെന്നാണ് ഷാജി കരുതിയിരുന്നത്. തന്നെ പോലത്തെ മഹാന്മാരായ  ബുദ്ധിജീവികള്‍ക്ക് ചേര്‍ന്ന പരിപാടിയല്ല അതൊന്നും. ഷാജിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ "സുഖലോലുപതയില്‍ കഴിയുന്ന ബൂര്‍ഷ്വാ കിടാങ്ങളുടെ നേരംപോക്ക് പരിപാടിയാണ് പ്രേമം". ഒരു അന്ഗീക്രത  ബുദ്ധിജീവി എന്ന നിലയില്‍ തനിക്കു പല കടമകളും ഉണ്ട് . പല പല പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ട്. സാമ്രാജ്യത ശക്തികളുടെ അധീശ്വതം; സഫലമാകാത്ത വര്‍ഗസമരം; എന്‍ഡോസള്‍ഫാന്‍; മില്‍മ പാലിന്റെ വില കൂട്ടല്‍; മലയാള സിനിമയുടെ മൂല്യത്തകര്‍ച്ച; കറന്റ്‌ കട്ട്‌; പേമാരി; ഉരുള്‍ പൊട്ടല്‍; ഇങ്ങനെ പല പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ചുമതല വഹിക്കുന്ന തനിക്കു പ്രേമിക്കാന്‍ എവിടെ സമയം? ഷാജി ചോദിക്കുന്നു. ന്യായമല്ലേ.

പക്ഷെ, പ്രണയതോടുള്ള  ഷാജിയുടെ ഈ നിഷേധാത്മകമായ നിലപാടിന്  മറ്റു ചില വിശദീകരണങ്ങള്‍ ആണ് നാട്ടുകാര്‍ നല്‍കുന്നത്. തത്വശാസ്ത്രപരമായ് പറഞ്ഞാല്‍ 'കിട്ടാത്ത മുന്തിരി പുളിക്യ്ക്കും' എന്ന പ്രതിഭാസമാണ് ഇതിനു കാരണമായി നാട്ടിലെ ഉപജാപകര്‍ പറയുന്നത്. ജനിച്ച് വീണ നാള്‍ മുതല്‍ ഷാജി പ്രണയത്തില്‍ മുഴുകി ജീവിക്കുനതാണ്. അയലത്തെ സുന്ദരി കുറെ നാള്‍ അവന്റെ ഉറക്കം കെടുത്തിയതാണ്. പക്ഷെ അവളെ വേറെ ചെക്കന്മാര്‍ കൊണ്ട് പോയി. അന്ന് തുടങ്ങിയതാണ്‌ ഷാജിയുടെ ഈ 'വിശ്വാമിത്ര ഭാവം'.

പക്ഷെ ഈ ആരോപണങ്ങള്‍ എല്ലാം ഷാജി ശക്തിയുക്തം എതിര്‍ത്തു. ഒരു അന്ഗീക്രത ബുദ്ധി ജീവിയോടു നാട്ടുകാര്‍ക്ക് തോന്നുന്ന അസൂയ മാത്രമാണത്‌. 'മാധ്യമ സിന്ടികേട്ടിന്റെ ഭാവന സൃഷ്ടി'. തനിക്കു ആരോടും തന്നെ പ്രനയമുണ്ടായിട്ടില്ല എന്ന് ഷാജി പ്രഖ്യാപിച്ചു കളഞ്ഞു.

അങ്ങനെയിരിക്കെയാണ് ഷാജിക്ക് പ്രണയമുണ്ടായി എന്ന വാര്‍ത്ത വരുന്നത്. ഒരു പെണ്ണിനോട് പ്രണയം തോന്നിയതായിട്ടാണ് വാര്‍ത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുനത്.(അത് പിന്നെ പ്രത്യേകം പറയണോ? പിന്നെ, ഇന്നത്തെ കാലത്ത് അത് എടുത്തു പറയേണ്ടിയും വരും). പ്രസ്‌തുത പെണ്ണിനെ കണ്ടപ്പോള്‍ ഷാജിയുടെ നെഞ്ചിടിപ്പ് കൂടിയെന്നും മുഖം ചുവന്നു തുടുത്തു എന്നും ആണ് ദൃക്സാക്ഷികള്‍  പറയുന്നത്. കവലകളില്‍ ഘോരഘോരം പ്രസംഗിക്കുന്ന ഷാജിക്ക് അവളോട്‌ സംസാരിക്കാന്‍ വല്ലാതെ തപ്പി തടയേണ്ടി വന്നുവത്രേ. പക്ഷെ,അവളെ കണ്ടതിനു ശേഷം ഷാജിയുടെ മുഖം ഒരു ട്യൂബ് ലൈറ്റ് പോലെ തെളിഞ്ഞിരുന്നു എന്നും ചില സ്രോതസുകള്‍ വെളിപ്പെടുത്തുന്നു. പിന്നെ, അവള്‍ വരുന്ന സ്ഥലങ്ങളില്‍ വളരെ 'ആകസ്മികവും യാദ്രിശ്ചികവും' ആയി ഷാജി പ്രത്യക്ഷപ്പെടാരുന്ടെന്നും, സ്വതവേ പഴം വിഴുങ്ങിയ പോലിരിക്കുന്ന ആള്‍ തനിയെ ഇരുന്നു ചിരിക്കുന്നതായും മൂളി പാട്ട് പാടുന്നതായും മറ്റും പറയപ്പെടുന്നു.കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ഈ ലേഖകന്‍ ഷാജിയുമായി ഒരു അഭിമുഖ സംഭാഷണം നടത്തി. പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ചോ: താങ്കള്‍ക്കു ഒരു പെണ്‍കുട്ടിയുമായി പ്രണയം ഉണ്ടെന്നു   പറയുന്നത് ശരിയാണോ?
ഷാജി: എനിയ്ക്ക് ഒരു പെണ്‍കുട്ടിയുമായും പ്രണയമില്ല.
ചോ: പിന്നെ ആണ്കുട്ടിയോടാണോ പ്രണയം?
ഷാജി:(അല്പം ദേഷ്യത്തോടെ) എനിക്ക് ആരോടും പ്രണയമില്ല.
ചോ:പിന്നെ എല്ലാരോടും വെറുപ്പാണോ?
ഷാജി(വളരെ ദേഷ്യത്തോടെ): നിങ്ങള്‍ എന്താണ് മിസ്റ്റര്‍ തിരിച്ചിട്ടും മറിച്ചിട്ടും ചോദിക്കുന്നത്.? ഇതെന്താ കോടതി വിസ്താരമോ?
ചോ:ക്ഷമിക്കണം.ഞാന്‍ പത്രധര്‍മതിനു അനുസ്രിതമായി പെരുമാറിയത്ആണ്. ഇനി മേല്‍ ആവര്‍ത്തിക്കില്ല. ചോദ്യത്തിലേക്ക് വരാം. ഒരു പെണ്‍കുട്ടിയുമായി താങ്കള്‍ ഗാഡ പ്രണയത്തില്‍ ആണെന്ന് പറയുന്നു. ശരിയാണോ?
ഷാജി: അല്ല എന്ന് എത്ര തവണ പറയണം.
ചോ: എന്താണ് ആ പെണ്‍കുട്ടിയുടെ പേര്?
ഷാജി(ചടുലതയോടെ): ജാന്‍സി.
ചോ:ഓഹോ. അപ്പോള്‍ ജാന്‍സി എന്ന പെണ്‍കുട്ടിയെ താങ്കള്‍ക്കറിയാം. അവളാണോ നിങ്ങളുടെ കാമുകി?
ഷാജി(ചെറിയ പരുങ്ങല്‍): ഞാന്‍ ഉദ്ദേശിച്ചത് ജാന്‍സി എന്ന പെണ്‍കുട്ടിയുമായി ഞാന്‍ പ്രണയത്തില്‍ ആണെന്നാണ് എല്ലാരും പറഞ്ഞു നടക്കുന്നത്..
ചോ: ഈ പറയുന്ന ജാനസിയെ നേരിട്ട്‌ പരിചയമുണ്ടോ?
ഷാജി: കണ്ടിട്ടുണ്ട്. 
ചോ:മിണ്ടിയിട്ടുണ്ടോ?
ഷാജി(ചെറിയ ചമ്മല്‍): ശ്രമിച്ചിട്ടുണ്ട്.
ചോ: എന്താണ് നിങ്ങള്‍ മിണ്ടാന്‍ ശ്രമിച്ചിട്ടുള്ളത്.
ഷാജി(കുറച്ചധികം ചമ്മല്‍):ഒത്തിരി കാര്യങ്ങള്‍ പറയണമെന്നുണ്ടായിരുന്നു. ഞാന്‍ ഒരു അന്ഗീക്രത ബുദ്ധിജീവിയനെന്നും എനിക്ക് ധാരാളം കാര്യങ്ങള്‍ അറിയാമെന്നും മറ്റും.
ചോ: എന്നിട് പറഞ്ഞോ?
ഷാജി: എവിടെ! ഒന്നാമത്തെ കാര്യം അവളെ കാണുമ്പോള്‍ തന്നെ എനിക്ക് എന്തൊക്കെയോ തോന്നും. എന്റെ മുഖത്തേക്ക് ചോരയോട്ടം കൂടി അത് ചൂടായി ചുവന്നിരിക്കുന്നത് പോലെ തോന്നും. കണ്ണില്‍ നിന്നും ആവി പറക്കുന്നതായും തോന്നും. അന്നേരം ഞാന്‍ പറയാന്‍ കൂട്ടി വച്ചിരിക്കുന്ന കാര്യമെല്ലാം മറന്നു പോകും. എത്രയും പെട്ടെന്ന് അവളുടെ അടുത്ത്  നിന്ന് ഓടണം എന്ന വിചാരം മാത്രമേ പിന്നെയുള്ള്.
ചോ: അവള്‍ ഒന്നും മിണ്ടില്ലേ?
ഷാജി: അവള്‍ ചുമ്മാ നിന്നങ്ങു ചിരിക്കും. ഒരു മാതിരി ചിരിയാണ് അവളുടേത്‌. അതും കൂടി കാണുമ്പോള്‍ എന്റെ ബാക്കി ജീവനും പോകും.
ചോ: അതിനു ശേഷം എന്ത് തോന്നും?
ഷാജി: അതിനു ശേഷം നല്ല സുഖം തോന്നും. എല്ലാത്തിനും ഭാരം കുറഞ്ഞ പോലെ.ചുമ്മാ ചിരിക്കാന്‍ തോന്നും. ചാടാന്‍ തോന്നും. വഴിയില്‍ കിടക്കുന്ന പട്ടിക്കിട്ട്‌ ഒന്ന് തൊഴിക്കാന്‍ തോന്നും. അത്  കുരക്കുമ്പോള്‍ അലറി വിളിച്ചു ഓടാന്‍ തോന്നും. കൂവാന്‍ തോന്നും. അങ്ങനെ പലതും തോന്നും.
ചോ: ഈ പറയുന്ന തോന്നലുകള്‍ നിങ്ങള്ക്ക് സ്വതവേ ഉണ്ടാകരുണ്ടോ?
ഷാജി: ഏയ് ഇല്ല.
ചോ: ജാന്സിയെ കണ്ടു കഴിയുമ്പോള്‍ മാത്രം?
ഷാജി: അതെ.
ചോ:ഓഹോ, ഇതാണ് പ്രണയത്തിന്റെ ലക്ഷണങ്ങള്‍.
ഷാജി:എന്ത്? പട്ടിക്കിട്ട്‌ തൊഴിക്കാന്‍ തോന്നുന്നതോ?
ചോ: നമ്മുടെ അബോധത്തെ പിടിച്ച്‌ കുലുക്കി, കാല്പനികതയിലേക്ക് നമ്മെ ഉന്തി വിട്ട്, വിഭ്രാന്തിയിലിട്ടു  നമ്മെ കുഴച്ച്‌ മറിക്കുന്ന ഒരു വല്ലാത്ത  വികാരതീവ്രതയാണ് പ്രണയം. ആകെയാല്‍, അതിന്റെ പിടിയില്‍ പട്ടിക്കിട്ട് തൊഴിക്കാനും  കാക്കയ്ക്ക് കല്ലെറിയാനും തോന്നുക വളരെ സ്വാഭാവികം.അതിനാല്‍ താങ്കള്‍ക്കു പ്രണയം ഉണ്ടെന്നു നിസ്സംശയം പറയാം.
ഷാജി(പരിഭവത്തോടെ): ഏയ്, നിങ്ങള്‍ അങ്ങനെ പറയരുത്? ഒരു അന്ഗീക്രത ബുദ്ധിജീവി എന്നാ നിലയില്‍ എനിക്ക് കുറച്ചിലാണ് ഈ പ്രേമവും മറ്റും.
ചോ: അങ്ങനെയെങ്കില്‍  അവളോടുള്ള പ്രണയം വര്‍ധിച്ച് വര്‍ധിച്ച് വരികയും അത് നിങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞു അത് വിങ്ങി പൊട്ടുകയും അത് പല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങള്‍ അവളെ പറ്റി ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്യാറുണ്ടോ?
ഷാജി(ലജ്ജിച്ച് മുഖം താഴ്ത്തി നിലത്തു കാലം വരച്ചു കൊണ്ട്): ഉണ്ടോന്നോ? ഒരു ദിവസം അവളെ പറ്റി ഓര്‍ക്കാത്ത ഒരു മണിക്കൂര്‍ പോലും കാണില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഓര്‍ത്തു തുടങ്ങും. അവള്‍ എഴുന്നേറ്റ് കാണുമോ? പല്ല്  തെയ്ക്കാരുണ്ടോ അവള്‍? ഉണ്ടെങ്കില്‍ ഏത് പേസ്റ്റ് ആണ് ഉപയോകിക്കുന്നത്? രാവിലെ അവള്‍ ചായയാണോ കാപ്പിയാണോ കുടിക്കാരുള്ളത് ?ഇങ്ങനെയെല്ലാം ചിന്തിക്കും. അവളെ പറ്റി ചിന്തിക്കുന്നത് ഒരു ശീലമായിരിക്കുന്നു. കുറെ കഴിയുമ്പോള്‍ കാണണം എന്ന് തോന്നും. ഒത്തിരി ദിവസം അടുപ്പിച്ചു കാണാതാകുമ്പോള്‍ സങ്കടം തോന്നും. ജീവിച്ചിട്ട് തന്നെ കാര്യമില്ല എന്ന് തോന്നും. അങ്ങനെ വിഷമിച്ച് നടക്കുമ്പോള്‍ പെട്ടെന്ന് അവളെ കാണും.ഹോ, അപ്പോള്‍ എനിക്കുണ്ടാകുന്ന സന്തോഷം. ഒന്ന് കണ്ടാല്‍ മാത്രം മതി. അപ്പോഴേക്കും ഈ ലോകം മുഴുവന്‍ മനോഹരമാണെന്ന് തോന്നും. പക്ഷെ മിണ്ടാനൊന്നും എനിക്കാവില്ല.വലിയ ബുദ്ധിമുട്ടാണ്. എന്നാലും സാരമില്ല. അവളെ എങ്ങനെ വല്ലപ്പോഴും കണ്ടു കൊണ്ടിരുന്നാല്‍ മാത്രം മതിയെനിക്ക്.അല്ലാതെ എനിക്ക് അവളോട്‌ പ്രണയവും മണ്ണാങ്കട്ടയും ഒന്നുമില്ല. 
ചോ: അപ്പോള്‍ താങ്കള്‍ക്ക് ജാന്സിയോടു പ്രണയമില്ല എന്നാണോ പറഞ്ഞു വരുന്നത്?
ഷാജി(വര്‍ധിച്ച ദേഷ്യത്തോടെ): അതല്ലേ മിസ്റ്റര്‍ നിങ്ങളോട് ഞാന്‍ ഇത്രയും നേരം പറഞ്ഞു കൊണ്ടിരുന്നത്. എനിക്ക് അവളോട്‌ പ്രണയമില്ല. ഇല്ല ഇല്ല ഇല്ല. നിങ്ങള്‍ വെറുതെ ഒരു ബുദ്ധിജീവിയെ പറ്റി അനാവശ്യം പറയരുത്.
ചോ: പക്ഷെ താങ്കള്‍ക്കു അവളെ കാണുന്നതും അവളെ പറ്റി ചിന്തിക്കുന്നതും വലിയ സന്തോഷം തരുന്ന കാര്യങ്ങളാണ്.
ഷാജി(വീണ്ടും ലജ്ജ. കളംവര തുടരുന്നു): ഹതെ.
ചോ: പക്ഷെ അവളോട്‌ പ്രണയം ഇല്ല
ഷാജി മൃഗീയമായ ക്രോധത്തോടെ ഈ ലേഖകനെ നോക്കി. ഒരു അഞ്ചു നിമിഷം കൂടി നോക്കിയിരുന്നെങ്കില്‍ ഞാന്‍ ഭസ്മം ആയേനെ.

മേല്‍ പ്രസതാവിച്ചതില്‍ നിന്നും വളരെ സ്പഷ്ടമാണല്ലോ ഷാജിക്ക് ജാന്സിയോടു പ്രണയമില്ല എന്ന്. ആകെയാല്‍ അത്തരം കുപ്രചരണങ്ങള്‍ നടത്തി ആ അന്ഗീക്രത ബുദ്ധിജീവിക്ക് മാനഹാനി ഉണ്ടാക്കരുത് എന്ന് ഈ നാട്ടിലെ എല്ലാ ഉപജാപകരോടും തോഴില്‍രഹിതരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

**************************************
എം.എസ്. ചന്ദ്രന്കുന്നേല്‍