Monday 26 July 2010

ഷാജിയും സ്വപ്നങ്ങളും

                                             "സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളെ
                                നിങ്ങള്‍ സ്വര്‍ഗകുമാരികള്‍ അല്ലോ 
                                 നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
                                 നിശ്ചലം ശൂന്യമീ ലോകം" 


ഷാജിക്ക്  വളരെ ഇഷ്ടമാണ് ഈ സിനിമ ഗാനം. പ്രേം നസീര്‍ അഭിനയിച്ച 'കാവ്യമേള' എന്ന ചിത്രത്തിലെയാണിത്. എത്ര അര്‍ത്ഥവത്തായ വരികള്‍. സ്വപ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എത്ര വിരസമാകുമായിരുന്നു ജീവിതം. പല വികാരങ്ങളും അനുഭൂതികളും ഷാജിക്ക് അനുഭവപ്പെട്ടത് സ്വപ്നങ്ങളിലൂടെയാണ്. സ്വപ്നങ്ങളിലൂടെ മാത്രം. ആഹ്ലാദം, സന്താപം, പ്രണയം, കാമം,രോഷം,സംപ്തൃപ്തി-ഇവ പലതും സ്വപ്നങ്ങളിലൂടെ ഷാജി അറിഞ്ഞിട്ടുണ്ട്. ഇവയില്‍ പലതും യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവിച്ചിട്ടോ അറിഞ്ഞിട്ടോ ഇല്ല. അപ്പോള്‍ ഷാജിക്ക് ഒരു സംശയം. സ്വപ്നത്തിലെ ഒരു അനുഭവം, ജീവിതത്തിലെ ഒരു അനുഭവമായി കണക്കാക്കാമോ. ഉദാഹരണത്തിന് , വളരെ വിഷാദം നിറഞ്ഞ ജീവിതം നയിക്കുന്ന ഒരാള്‍,സ്ഥിരമായ ആഹ്ലാദകരമായ സ്വപ്‌നങ്ങള്‍ കാണുന്നു എന്നിരിക്കെട്ടെ. അപ്പോള്‍, അയാളുടെ ജീവിതത്തെ എങ്ങിനെ നിര്‍വചിക്കണം? ദുഖപൂര്‍ന്നമെന്നോ അതോ സന്തോഷകരമെന്നോ. അതായതു ,ജീവിതത്തിലെ വികാരവിചാരങ്ങളുടെ ഒരു ബാലന്‍സ് ഷീറ്റില്‍, സ്വപ്നത്തിലെ അനുഭൂതികള്‍ സാധുവായി രേഖപ്പെടുതാമോ?

നമുക്ക് ഷാജിയുടെ കാര്യമെടുക്കാം. ഷാജി യഥാര്‍ത്ഥ ജീവിതത്തില്‍, പ്രണയം എന്ന അനുഭൂതിയെ അതിന്റ്റെ ശരിയായ അര്‍ത്ഥത്തില്‍ അനുഭവിച്ചിട്ടില്ല. പ്രണയം തോന്നിയിട്ടില്ല എന്നല്ല. അതിങ്ങിനെ എല്ലാ രണ്ടു മിനിറ്റിലും ആരോടെങ്കിലും ഇങ്ങനെ തോന്നികൊണ്ടിരിക്കും. പക്ഷെ, അതിന്റ്റെ സാക്ഷാത്കാരത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പുള്ളിക്ക് ആയിട്ടില്ല. സ്വതവേയുള്ള അലസതയും, സ്ത്രീകളോട് ഇടപെഴുകാനുള്ള വിമുഖതയുമാണ് പ്രധാന തടസം. ദൂരെ നിന്ന് അവരെ ആരാധിക്കുക;സമീപത്തു ചെന്നാല്‍ പൊല്ലാപ്പാകും-ഇതാണ് ഷാജിയുടെ തത്വം. പിന്നെങ്ങനെ പ്രണയിക്കും?

ഇങ്ങനെ പ്രത്യേകിച്ച് പണിയൊന്നും ചെയ്യാതെ സമാധാനമായി കഴിഞ്ഞുകൊണ്ടിരുന്ന ഷാജിക്ക്  കഴിഞ്ഞ ഒന്ന് രണ്ടു ദിവസമായി ഒരു സ്വസ്ഥതയില്ല. ഞാന്‍ കാര്യമന്വേഷിച്ചു. കഴിഞ്ഞ ദിവസം കണ്ട ഒരു സ്വപ്നം ആണ് കാരണം. സ്വപ്നത്തില്‍ ഷാജി അവളെ കണ്ടു. വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം.

ആരാണവള്‍? ഷാജി പേര് പറഞ്ഞില്ല. പക്ഷെ കക്ഷി പുള്ളിയുടെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ച ഒരു പെണ്ണാണ്‌. അടിപിടിഗുസ്തികളും ചൂരല്പ്രയോഗങ്ങളും തലയില്‍ കയറാത്ത കണക്കു ചോദ്യങ്ങളും കൊണ്ട് സമ്പന്നമായ ഷാജിയുടെ കാടന്‍ സ്കൂള്‍ ജീവിതത്തിലെ, നിറമുള്ള ഒരു ഓര്‍മ്മയാണ് അവള്‍. ചുരുണ്ട മുടിയുള്ള , നീണ്ടു മെലിഞ്ഞ, ഒരു വെളുത്ത പെണ്ണ്. അവള്‍ക്കു കണക്കില്‍ ഒരു വിവരവും ഇല്ലായിരുന്നു. നമ്മുടെ നായകനും വളരെ മോശമായിരുന്നു. അവള്‍ സ്വതവേ ഒരു മണ്ടിയും, ഷാജി സ്വതവേ ഒരു മടിയനും ആയിരുന്നു. അതിനാല്‍ കണക്കു പഠിപ്പിച്ചിരുന്ന, ബോറന്‍ തോമസ്‌  സാറിന്റ്റെ പരിഹാസത്തിനും ശകാരത്തിനും ഇരുവരും സ്ഥിരം ഇരകള്‍ ആകുമായിരുന്നു. ഒരു ദിവസം തോമസ്‌ സാര്‍ ഇരുവരെയും സ്റ്റാഫ്‌ റൂമില്‍ വിളിപ്പിച്ചു കണക്കിന് ശകാരിച്ചു. അത് കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ മുതല്‍ അവള്‍ വന്‍ കരച്ചില്‍. അത് കണ്ടപ്പോള്‍ ഷാജിക്ക് എന്തോ പോലെ തോന്നി. ആദ്യമായിട്ടാണ് അവന്‍ ഒരു പെണ്ണ് ശരിക്കും കരയുന്നത് കാണുന്നത്.(അതിനു മുമ്പ് സീരിയലിലും സിനിമയിലും മാത്രമേ കണ്ടിട്ടുള്ളൂ) ഒരു അദ്ഭുത കാഴ്ചയായിരുന്നു അത്. കുറെ നേരം, അവളുടെ കണ്ണില്‍ നിന്ന് കണ്ണ് നീര്‍ ഒഴുകി വരുന്നത് അവന്‍ നോക്കിയിരുന്നു. കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണ് നീര്‍ മേല്‍ ചുണ്ടിനെ സ്പര്‍ശിച്ചു താഴോട്ടിറങ്ങി.  കണ്ണ് നീരിന്റ്റെ സ്വാധ് എന്തായിരിക്കും എന്ന്  അവന്‍ അപ്പോള്‍ ആലോചിച്ചത്രേ. എന്തായാലും, അപ്പോഴേക്കും നമ്മുടെ ദുഖപുത്രിക്ക് പരിസരബോധം വന്നു. അവള്‍ കണ്ണ് നീര്‍ തുടച്ചു, സ്ഥലം കാലിയാക്കി.  

ഷാജിക്ക് അത് ഒരു നവ അനുഭൂതിയായിരുന്നു. അവളെ പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു സുഖം. ഇളം കാറ്റ് മുഖത്ത് വീശുന്നത് പോലെ. അവളുടെ കണ്ണീരില്‍ കുതിര്‍ന്ന മുഖം വീണ്ടും കാണണമെന്ന് അവന്‍ ആശിച്ചു. അയ്യോ, അത് ക്രൂരത കൊണ്ടൊന്നും അല്ല. അവളെ അങ്ങനെ കാണാന്‍ നല്ല രസമായത് കൊണ്ടാണ്.

അവര്‍ തമ്മില്‍ സംസാരം ഒന്നും ഉണ്ടായില്ല. പരസ്പരം കാണുമ്പോള്‍, മുമ്പെങ്ങും തോന്നിയിട്ടില്ലാത്ത ഒരു തരം ചമ്മല്‍ അവര്‍ക്ക് തോന്നി. പണ്ട് ആദത്തിനും ഹവ്വയ്ക്കും, തങ്ങള്‍ നഗ്നരാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ തോന്നിയ ചമ്മല്‍ പോലെ. ഇരുവരും തങ്ങളുടെ കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാന്‍ ശ്രമിച്ചു. എന്തായാലും, അവളുടെ കരയുന്ന മുഖം കാണാനുള്ള സൌഭാഗ്യം അവനുണ്ടായില്ല. കാരണം അതിനു ശേഷം അവള്‍ കണക്കു ടൂഷ്യനു പോയി തുടങ്ങി. പിന്നെ അവള്‍ തോമസ്‌ സാറിന്റ്റെ വഴക്ക് മേടിച്ചിട്ടില്ല. ഷാജിക്ക് പറയത്തക്ക മാറ്റമൊന്നും ഉണ്ടായില്ല. ഇവളെ സ്വപ്നം കാണാന്‍ തുടങ്ങിയതോടെ അവന്റ്റെ കാര്യം വഷളായി. അങ്ങനെ അവന്‍ പത്താം ക്ലാസ്സില്‍ പൊട്ടി. അവള്‍ അത്യാവശ്യം നല്ല മാര്‍ക്കോടെ ജയിച്ചു. പിന്നെ അവള്‍ സ്കൂള്‍ മാറി പോയി. അതിനു ശേഷം, ഷാജി അവളെ കാണുകയോ, അവളെ പറ്റി കേള്‍ക്കുകയോ ചെയ്തിട്ടില്ല.

പിന്നെ അവളെ കാണുന്നത് കഴിഞ്ഞ ദിവസം സ്വപ്നത്തിലാണ്. ഹോ, ഒരു വല്ലാത്ത അനുഭൂതിയായിരുന്നു. സ്വര്‍ഗകവാടം തുറന്നു കയറിയത് പോലെ. ഇത്രയും ആഹ്ലാദം ഷാജി ജീവിതത്തില്‍ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ല. ഛെ, ഇത് നിങ്ങള്‍ വിചാരിക്കുന്ന ടൈപ്പ് സ്വപ്നം അല്ല. ഇത്  സെന്‍സര്‍ ബോര്‍ഡിന്റ്റെ 'U' സര്‍ട്ടിഫിക്കറ്റ് ഉള്ള സ്വപ്നം ആണ്.  

അവളുടെ കരയുന്ന മുഖം വീണ്ടും കണ്ടു. രംഗം പഴയത് തന്നെ. സ്കൂള്‍ സ്റ്റാഫ്‌ രൂമിന്റ്റെ വെളിയില്‍ നിന്ന് അവള്‍ വിതുമ്പുന്നു. അപ്പോള്‍ ഷാജി അടുത്ത് ചെന്ന് അവളുടെ കണ്ണീര്‍ തുടയ്ക്കുന്നു. എന്നിട്ട് പറയുന്നു. 'ഞാന്‍ നിന്നെ കണക്കു പഠിപ്പിക്കാം. കരയാതിരി, മണ്ടി പെണ്ണെ.' അപ്പോള്‍ അവളുടെ മുഖം, ഒരു മധുരമുള്ള പുഞ്ചിരിയാല്‍ പ്രകാശിതമായി.

പിന്നെ ഇരുവരും കൂടി, സ്കൂള്‍ ഗ്രൌണ്ടിലെ ഇലുമ്പി മരത്തിന്റ്റെ ചുവട്ടില്‍ പോയി ഇരിക്കുന്നു. ഷാജി കണക്കു പുസ്തകം എടുത്തു അവളെ പഠിപ്പിക്കുന്നു
                           tan θ= sin θ/cos θ
                           sin^2 θ+ cos^2 θ=1
അവള്‍ക്കു എല്ലാം മനസ്സിലാകുന്നു. ഷാജിക്ക് സന്തോഷമാകുന്നു. അങ്ങനെ അവര്‍ മര ചുവട്ടില്‍ ഗണിത ശാസ്ത്രം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു.
കണ്ണ് തുറന്നു എഴുന്നേറ്റപ്പോള്‍ ഷാജിക്ക് വിശ്വസിക്കാനായില്ല.താന്‍ കണ്ടതൊക്കെ ഒരു വെറും സ്വപ്നം ആയിരുന്നു എന്ന്  മനസ്സിലാകിയപ്പോള്‍ തോന്നിയത് പോലത്തെ നിരാശ തനിക്കു ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് ഷാജി പറഞ്ഞു. 
"എനിക്ക് ഈ ജീവിതം വേണ്ട. സ്വപ്‌നങ്ങള്‍ മതി." ഷാജി പറഞ്ഞു. സ്ഥിരം സ്വപ്ന ലോകത്ത് വിരഹിക്കാന്‍ എന്ത് ഉപായമാണ് സ്വീകരിക്കേണ്ടതെന്നു ഷാജി ചോദിച്ചു.
ഞാന്‍ കൈ മലര്‍ത്തി. "നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന കാര്യമാണോ സ്വപ്‌നങ്ങള്‍. അത് എപ്പോള്‍ എങ്ങനെ ഉണ്ടാകുന്നു എന്ന് ആര്‍ക്കും പറയാനാകില്ല".
"ഞാന്‍ നിന്റെ അടുത്ത് ആത്മാര്‍ഥമായി ഒരു കാര്യം പറയട്ടെ.എനിക്ക് അവളെ ഇഷ്ടമാണ്. അതെ, ഞാന്‍ അവളെ പ്രണയിക്കുന്നു."
"പക്ഷെ നിനക്ക് അവളെ പറ്റി വല്ലതും അറിയാമോ. അവള്‍ മിക്കവാറും വല്ലവനെയും കെട്ടി, ഒന്ന് രണ്ടു പിള്ളേരെയും പ്രസവിച്ചിരിക്കുകയായിരുക്കും."

അത് കേട്ടതോടെ ഷാജിയുടെ മുഖം മ്ലാനം ആയി. "ശരിയാ. പക്ഷെ എനിക്ക് അവളെ പ്രണയിക്കണം. സ്വപ്നത്തിലെങ്കിലും. എടാ, നീ വലിയ ഒരു ബുദ്ധി ജീവിയല്ലേ. ഒരു കാര്യം പറ. സ്വപ്നത്തില്‍ പ്രണയിച്ചാല്‍ അത് ജീവിതത്തില്‍ പ്രനയിക്കുനത് പോലെയാണോ.പറ."

എനിക്ക് ഉത്തരം മുട്ടി.എങ്കിലും ഞാന്‍ പറഞ്ഞു. "അതേലോ. ചിലപ്പോള്‍ ജീവിതതിനേക്കാള്‍ മികച്ചതായിരിക്കാം സ്വപ്നത്തിലെ പ്രണയം. എല്ലാം നമ്മുടെ മനസ്സിലെ അനുഭവങ്ങള്‍ അല്ലെ. സ്വപ്നത്തിലായാലും ജീവിതത്തില്‍ ആയാലും, എല്ലാം നമ്മള്‍ മനസ്സില്‍ അല്ലെ അനുഭവിക്കുന്നത്." എന്താ പറഞ്ഞത് എന്ന് എനിക്ക് തന്നെ ഒരു പിടിയില്ലായിരുന്നു.
പിന്നെ ഞങ്ങള്‍  ഒരു ബാറില്‍ കയറി ഒന്ന് മിനുങ്ങി. പിരിയുന്നതിനു മുമ്പ് ഷാജി പറഞ്ഞു.
"എടാ ഒന്ന്  പ്രാര്‍ത്തിക്കു.ഇന്നലെ കണ്ട സ്വപ്നതിന്റ്റെ ബാക്കി ഇന്നും ഉണ്ടാകാന്‍."
"ഓ,ശരി. ഇന്ന് നിങ്ങള്‍ രണ്ടു പേരും യൂറോപ്പില്‍ പോയി ഹണി മൂണ്‍ ചെയ്തു മംഗളമായി വരട്ടെ." ഞാന്‍ ആശിര്‍വധിച്ചു.
ഷാജി പ്രതീക്ഷയോടെ പോയി.
പിറ്റേന്ന് രാവിലെ അവനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.
"അളിയാ, എങ്ങനെയുണ്ടായിരുന്നു ഇന്നലത്തെ സ്വപ്നം. നല്ല മസാല സ്വപ്നം ആയിരുന്നോ."

"അയ്യോ, ഒന്നും പറയണ്ട. ഭയങ്കര സ്ടണ്ട് സ്വപ്നം ആയിരുന്നു."
"ഓഹോ, നിങ്ങള്‍ തമ്മില്‍ ഇപ്പോഴേ സ്ടണ്ട് തുടങ്ങിയോ"
"എടാ, ഇന്നലെ അവളില്ലായിരുന്നു. ഇന്നലെ ഞാന്‍ സ്വപ്നം കണ്ടത്  എന്നെ DYFI ക്കാര്‍ ഓടിച്ചിട്ട്‌ തല്ലുന്നതായിട്ടാണ്. ഇത്രയും വേദന, ശരിക്കുള്ള തല്ലില്‍ പോലും എനിക്ക് തോന്നിയിട്ടില്ല. ഹോ, അവന്റെ ഒരു യൂറോപിലെ ഹണി മൂണ്‍!!"

ഈ സ്വപ്‌നങ്ങള്‍ എങ്ങനെയാ ഉണ്ടാകുന്നത്.?  എങ്ങനെയാണു ഷാജിയുടെ സ്വപ്നത്തില്‍ അവള്‍ക്ക്  പകരം മാഫിയ ശശി കയറിയത്.എനിക്കും ഷാജിക്കും ഒരു പിടിത്തവും ഇല്ല.
*****************************
എം.എസ്. ചന്ദ്രന്കുന്നേല്‍ .

 

Wednesday 14 July 2010

അലസതയുടെ മാഹാത്മ്യങ്ങള്‍

Warning(not statutory)

The views expressed in this post are purely personal. If any reader is letting himself to be corrupted by the ideas articulated herein, the author shall not not be responsible for that. Nor the author is willing to suffer any liability arising therefrom. (ഇതൊക്കെ വായിച്ചു വഴി തെറ്റി പോകരുത് എന്ന്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ അത് സ്വന്തം കയ്യിലിരുപ്പു കൊണ്ടാണെന്ന്.
മനസ്സിലായോ. )




ലോക കപ്പു കഴിഞ്ഞപ്പോള്‍ ഷാജിക്ക് പണിയില്ലണ്ടായി. അടുത്ത ലോക കപ്പിന് ബ്രസിലില്‍പോകാന്‍ പദ്ധതി ഉണ്ടെങ്കിലും അതിനു വേണ്ടി മെനക്കെടാന്‍ നമുടെ അണ്ണന് മനസ്സ് വരുന്നില്ല. ഒരുപണിയും ചെയ്യാതെ വെറുതെ ഇങ്ങനെ ഇരിക്കുന്നതിന്റെ സുഖം-ഹാ, അതൊന്നു വേറെ തന്നെയാണ്.



പക്ഷെ നാട്ടുകാര്‍ക്ക് ഈ മനോഭാവം ഒട്ടും പിടിച്ചില്ല. മനുഷ്യനായാല്‍ എന്തെങ്കിലും ജോലി ചെയ്യണം. സമൂഹത്തിനു ഗുണം ചെയ്യണം. ജീവിതത്തില്‍ വിജയിക്കണം. ഹോ,ഹോ!! എല്ലാം ശരി തന്നെ. പക്ഷെ ഷാജിക്ക് വിജയം വേണ്ടെന്കിലോ. ബ്രസിലില്‍ പോകണം എന്നാ ആഗ്രഹം വേണ്ടെന്നു വച്ചു. പ്രശ്നംതീര്നില്ലേ. ആഗ്രഹമാണ് എല്ലാ ദുഖത്തിന്റെയും ഉറവിടം എന്നാണ് ബുദ്ധന്‍ പറഞ്ഞിട്ടുള്ളത്.എത്ര ശരി. ജീവിതത്തില്‍ അങ്ങനെ പ്രത്യേകിച്ച് ആഗ്രഹം ഒന്നും ഇല്ലെങ്കില്‍, പിന്നെ ദുഖമൊന്നും ഇല്ലല്ലോ.


രാവിലെ ഒരു കുറ്റി പുട്ട്, ഉച്ചക്ക് കഞ്ഞി, വൈകുന്നെരും ഒരു ചായ രണ്ടു ബീഡി, രാത്രിയിലും കഞ്ഞി. വല്ലപ്പോഴും ഒരു കുപ്പി ബ്രാണ്ടി. ചിലപ്പോ പൊറോട്ട ചിക്കന്‍-ഇത്രയൊക്കെയുള്ളൂ ഷാജിയുടെ ആവശ്യങ്ങള്‍. പിന്നെ മോഹന്‍ലാലിന്റ്റെ സിനിമയ്ക്ക് കയ്യടിക്കാനും മമ്മൂട്ടിയുടെ സിനിമയ്ക്ക് കൂവാനും ആഴ്ചയിലൊരിക്കല്‍ തീയറ്ററില്‍ പോകണം. ഇത്രയും ചെയ്യാന്‍ വല്യ മല മറിക്കുന്ന പണിയൊന്നുംചെയ്യണ്ടല്ലോ. തന്റെ തത്വശാസ്ത്രങ്ങള്‍ നാട്ടിലെ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബുകളിലും, മാര്‍ക്സിസ്റ്റ്‌സ്റ്റഡി ക്ലാസ്സുകലുല്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കിട്ടുന്ന നക്കാപിച്ച മതി. കൂടാതെ സ്ഥലത്തെ പ്രധാനപൈങ്കിളി സാഹിത്യകാരന്‍ എന്ന നിലയ്ക്കും അത്യാവശ്യം സ്ഥിരമായ വരുമാനവും ഉണ്ട്. പിന്നെന്തിന്ടെന്‍ഷന്‍. 'ഡോണ്ട് വറി ബ്ലെടി. ലൈഫ് ഈസ്‌ ഡാം ഗ്രേറ്റ്‌. സക് ഇറ്റ്‌ ഓള്‍ മാന്‍." ഷാജി സുരേഷ്ഗോപി സ്റ്റൈലില്‍ പറഞ്ഞു.


പക്ഷെ ഒരു ശരാശരി മനുഷ്യന് ഇത്രയും ആവശ്യങ്ങള്‍ മതിയെങ്ങില്‍ പിന്നെന്തിന എല്ലാരും ഇങ്ങനെ മരണ പാച്ചില്‍ പായുന്നത്. ഷാജി ചോദിച്ചു. അപ്പൊ ഒരുത്തന്‍ പറഞ്ഞു അവനു ഫേമസ് ആവണംഎന്ന്. എല്ലാരും അവനെ അറിയണം എന്ന് പോലും. തേങ്ങ കുല!! ഈ എല്ലാരും അറിഞ്ഞിട്റെന്ടുചെയ്യാനാ. ങേ?സന്തോഷ് മാധവനെ എല്ലാരും അറിയുന്നില്ലേ? അങ്ങനെ അറിഞ്ഞാല്‍ മതിയോ? ഷാജി ചോദിച്ചു


ഹേയ്, അങ്ങനെ എന്തായാലും അറിയണ്ട. എന്നെ എല്ലാരും ബഹുമാനിക്കണം. എല്ലാരും പ്രശംസിക്കണം. വന്നു മറുപടി.


ഹഹഹ. എന്തൊരു തമാശ. എല്ലാരും ബഹുമാനിക്കണം പോലും. നടക്കുന്ന കാര്യം വല്ലതും പറ. ഇവിടുത്തെ വികാരി അച്ഛനെ പോലും എല്ലാരും ബഹുമാനിക്കുന്നില്ല. പള്ളി കുര്‍ബാന കഴിയുമ്പോള്‍എല്ലാരും എന്തൊക്കെ ധൂഷണങ്ങള്‍ ആണ് ആ സാധുവിനെ പറ്റി പറയുന്നത്. അപ്പോഴ ഞാഞ്ഞൂല്‍ പോലത്തെ നീ. പോടാ ചെക്കാ. ഷാജി അവനെ കളിയാക്കി.


അതെന്നാ വര്ത്തമാനമാ . ഞാന്‍ ഒരു വല്യ മഹാനാകും. നീ ആല്ബര്ട്ട് അയെന്‍സ്ടീന്‍ എന്ന് കേട്ടിടുണ്ടോ. അങ്ങേരെ എല്ലാര്ക്കും എന്ത് മതിപ്പാ. ഞാനും അത് പോലെ എന്തെങ്കിലും വല്യ കണ്ടു പിടിത്തംനടത്തും. അപ്പൊ ഞാന്‍ ഫേമസ് ആകും. എല്ലാരും എന്നെ ബഹുമാനിക്കും. എല്ലാരും എന്നെ പ്രശംസിക്കും. അപ്പോഴും നീ എവിടെ തന്നെ എങ്ങനെ ഈച്ച പിടിച്ചുകൊണ്ടു ഇരിപ്പുണ്ടാകും.


ഓഹോ. എന്നാ പോയി നീ വല്ല കണ്ടു പിടിത്തം നടത്തു. കഴിഞ്ഞ ആഴ്ച എന്റെ ഒരു കോഴിയെ കാണാതായി. നീ അതിനെ ഒന്ന് കണ്ടു പിടിച്ചു തരുകയാണെങ്കില്‍ ഞാന്‍ നിന്നെ ബഹുമാനിക്കാം.വേണമെങ്കില്‍ പ്രശംസിക്കുകയും ചെയ്യാം.


ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ. ഫേമസ് ആകാന്‍ നടക്കുന്നു. ഈ ചെറിയ ജീവിതം എന്തിനുഇങ്ങനെ സന്കീര്‍ന്നമാക്കുന്നു.


അപ്പൊ വേറെ ഒരുത്തന്‍ പറഞ്ഞു അവനു നല്ല സുന്ദരിയായ ഒരു പെണ്ണിനെ കല്യാണം കഴിക്കണംഎന്ന്. അവള്‍ക്കു ദീപിക പടുക്കോനിന്റെ പോലത്തെ കാലുകള്‍ വേണമത്രേ.


ഹോ! അതിനോട് ഷാജി കുറച്ചു യോജിച്ചു. തെറ്റില്ലാത്ത ഒരു ആഗ്രഹമാണ്. അയലത്തെ അവിവിവാഹിത കുറച്ചു നാളായി രാത്രിയിലെ സ്വപ്നങ്ങളില്‍ നിശാസുന്ദരിയായി വന്നു ഷാജിയെ അസ്വസ്ഥനാക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ ആ ആഗ്രഹത്തിന്റെ സാക്ഷാത്കരതിനായി പ്രവര്‍ത്തിക്കാന്‍ഷാജിക്ക് മനസ്സ് വന്നില്ല. ഒന്നാമത് പുള്ളി ഒരു വല്യ മടിയന്‍. ഒരു പെണ്ണിനെ വളയ്ക്കാന്‍ വേണ്ടി നാട്ടിലെ പൂവാലന്മാര്‍ നടത്തുന്ന പോലത്തെ കൊപ്രായങ്ങളൊന്നും കാണിക്കാന്‍ ഷാജിക്ക് പറ്റില്ല. പിന്നെ കല്യാണമൊക്കെ കഴിച്ചാല്‍ വല്യ പങ്കപ്പാടകും എന്ന് ഷാജി ഭയപ്പെട്ടു. ഒരു കാക്കയെ പോലെ മണ്ണിലും ചേറിലും കാട്ടിലും തോട്ടിലുമൊക്കെ പാറി പറന്നു നടക്കാനാണ് ഷാജി ഇഷ്ടപ്പെട്ടത്. ഒരു തത്തയെപോലെ കൂട്ടില്‍ കിടക്കാനല്ല.


ഇതൊക്കെ ഓരോ തെറ്റിധാരണകള്‍ ആണെന്ന് ഷാജിയുടെ വിവാഹിതനായ അമ്മാവന്‍ പറഞ്ഞു.
"ആണായാല്‍ കൂട്ടിനൊരു പെണ്ണ് വേണം. ഇല്ലെങ്കില്‍ ജീവിതം വിരസം. . നീ 'എനിക്കൊരു ഗേള്‍ ഫ്രണ്ട് വേണും' എന്നാ എ.ആര്‍.രഹ്മാന്റ്റെ കവിത കേട്ടിട്ടില്ലേ? അത് കൊണ്ട് ഒരു പെണ്ണിനെ കെട്ടാന്‍ നോക്ക്.


അതൊക്കെ ശരിയായിരിക്കും. പക്ഷെ 'കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം' എന്നാ കുഞ്ചന്‍ നംബിയാരുടെ കവിതയും അമ്മാവന്‍ കേട്ട് കാണുമല്ലോ. എനിക്ക് കനകവും വേണ്ട, കാമിനിയും വേണ്ട. അപ്പൊ പിന്നെ കലഹവും ഉണ്ടാകില്ലല്ലോ.


ഛെ.അതൊക്കെ ഓരോ വിഡ്ഢിത്തരം. ഓരോ പിന്തിരിപ്പന്‍ ആശയങ്ങളല്ലേ അത്. ഇപ്പൊ സ്ത്രീകള്‍ ധാരാളം പുരോഗമിച്ചു. പുള്ളിയുടെ കാലത്തെ പോലെയല്ലലോ ഇപ്പോഴത്തെ കാമിനിമാര്‍. പിന്നെ നിനക്ക് ഒരു കുഞ്ഞി കാലു കാണണം എന്നാ ആഗ്രഹാമോക്കെയില്ലേ.


അയ്യോ. അതൊട്ടും ഇല്ല. എന്തിനാ വെറുതെ ഒരാളെ കൂടി വഴി തെറ്റിക്കുന്നത്. ഞാന്‍ തീരുമാനിച്ചു. അം ക്രോണിക് ബചിലോര്‍ ഫോര്‍ ലൈഫ്.


അങ്ങനെ ഷാജി മോഹവും വേണ്ടെന്നു വെച്ചു. ഭീകരമായ അലസത മൂലം. നമ്മുടെ ബുദ്ധന്‍ വരെ ഭാര്യയെ ഉപേക്ഷിച്ചു. ഞാനും ഉപേക്ഷിക്കുന്നു. കല്യാണത്തിന് മുമ്പേ തന്നെ.

അങ്ങനെയിരുക്കുമ്പോള്‍ വേരെയൊരു അണ്ണന്‍ വന്നു ഷാജിയുടെ നിഷ്ക്രിയത്വത്തെ കണക്കിന് വിമര്‍ശിച്ചു.

മനുഷ്യനായാല്‍ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിതീരണം. ജീവിത വിജയം നേടണം.

ഞാനും എന്തെങ്കിലുമൊക്കെ ആണല്ലോ. എന്താണ് എന്ന് എനിക്ക് ശരിക്കരിയില്ലെങ്കിലും , ഞാന്‍ എന്തോ ആണ്. ഞാന്‍ മാത്രമല്ല, എല്ലാരും എന്തൊക്കെയോ ആണ്. പിന്നെ എന്തിനാ വെറുതെ എന്തെങ്കിലുമൊക്കെ ആയിത്തീരാന്‍ ശ്രമിക്കുന്നത്. ജന്മന നമ്മള്‍ എന്തോ ആണല്ലോ.

ഷാജി!!ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കു. ഈ സമൂഹത്തിലേക്കു ഒന്ന് കണ്ണോടിച്ചു നോക്ക്. എല്ലായിടത്തും ഒരു തരം അധപതനം അല്ലെ. സാംസ്കാരികമായി, സാമ്പത്തികമായി, ധാര്‍മികമായി. നമുക്ക് ഇതിനെ ഒക്കെ ഒന്ന് ഇല്ലായ്മ ചെയ്യെണ്ടെ. 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്നല്ലേ ആരോ പറഞ്ഞത്. ഈ അഴിമതി, പക്ഷപാതം,ദാരിദ്ര്യം,കുറ്റകൃത്യങ്ങള്‍ -ഹോ, ഇതൊക്കെ ആലോചിക്കുമ്പോള്‍ തന്നെ എന്റെ രക്തം തിളയ്ക്കുന്നു. വരൂ ഷാജി, നമുക്ക് വിപ്ലവം സൃഷ്ടിക്കാം.

അയ്യോ, ഞാനില്ല വിപ്ലവം സൃഷ്ടിക്കാന്‍. നീ ഈയടുത്ത കാലത്ത് വല്ല ഷാജി കൈലാസ് സിനിമ കണ്ടോ. 'കിംഗ്‌' ,'കമ്മിഷണര്‍', 'ഭരത്ചന്ദ്രന്‍ ഐ.പി.എസ്.' മുതലായവ. വല്ലാതെ നിന്റെ ചോര തിളയ്ക്കുന്നു. വരൂ,നമുക്ക് വല്ല പ്രിയദര്‍ശന്‍ സിനിമ കാണാം. നിന്റെ വിപ്ലവ രോഷം ആറി തണുക്കും.

ഛെ!വിപ്ലവ ബോധം ഉണ്ടാകാന്‍ എനിക്ക് തട്ടുപൊളിപ്പന്‍ മലയാളം പടം കാണണം എന്നില്ല. നീ എങ്ങനെ ഇങ്ങനെ ആയി. ജീവിതം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകണ്ടേ സമൂഹത്തിനു. ഈ രാജ്യത്തെ നമുക്ക് നന്നാക്കണ്ടേ.

ഓ. കുറെ പേര്‍ നന്നാക്കാന്‍ നോക്കിയതല്ലേ. എന്നിട്ടെന്തായി. ഈ ലോകം തന്നെ നന്നാക്കാന്‍ കുറെ പേര്‍ നോക്കിയില്ലേ. നൂറ്റാണ്ടുകളായി പലരും ശ്രമിക്കുന്നു. ബുദ്ധന്‍,യേശു ക്രിസ്തു, മുഹമ്മദ്‌ നബി- എങ്ങനെയുള്ള മഹാരഥന്മാര്‍ വരെ പരിശ്രമിച്ചിട്ടും ഈ ലോകത്തിനു പറയത്തക്ക മാറ്റമൊന്നും ഉണ്ടായില്ലല്ലോ. വെറുതെ എന്തിനാ പിന്നെ, നമ്മള്‍ നോക്കുന്നത്. ഈ വിപ്ലവം എന്നൊക്കെ കേള്‍ക്കാന്‍ നല്ല രസമാണ്. പക്ഷെ അതിലും വല്യ കഥയൊന്നും ഇല്ല. ഫ്രാന്‍‌സില്‍ എന്ത് സംഭവിച്ചു? റഷ്യയില്‍ എന്ത് സംഭവിച്ചു?

നീ വെറുതെ ഫ്രാന്‍സിനെയും റഷ്യയും തൊട്ടു കളിക്കണ്ട.

ഇതിനു മറുപടിയായി 'സന്ദേശം' എന്നാ സിനിമയില്‍ പറയുന്നത് പോലെ, 'അതെന്താ ഇതൊക്കെ നിന്റെ തറവാട്ട്‌  സ്വത്താണോ  എന്ന് പറയാന്‍ ഷാജിക്ക് പ്രലോഭനം ഉണ്ടായെങ്കിലും, അതിനെ അതിജീവിച്ചു. പോത്തിന്റെ ചെവിയില്‍ എന്തിനാ വേദം ഓതുന്നത്‌.

എന്നാ നീ പോയി വിപ്ലവം സൃഷ്ടിക്ക്. ഞാന്‍ ആ നേരം കൊണ്ട് ഒരു ചായ കുടിചെച്ചും വരാം. എന്ന് പറഞ്ഞു ഷാജി രംഗം കാലിയാക്കി. സാഗര്‍ കൊട്ടപുറം, കെ.പി.അമ്ബുജക്ഷന്‍ തുടങ്ങിയ പ്രസിദ്ധ മലയാള നോവെലിസ്ടുകളെ മനസ്സില്‍ ധ്യാനിച്ച് അടുത്ത നോവലിന്റെ പണി തുടങ്ങി. മറ്റുള്ളവര്‍ നോക്കുമ്പോള്‍ അലസനാനെങ്കിലും ഷാജി കുറെ പണി ചെയ്യുനുട്. ഈ സാഹിത്യം എന്നൊക്കെ പറയുന്നത് വലിയ ഒരു സംഭവമാണ്. അതൊന്നും ഇവിടുത്തെ ഈ വിവരം കേട്ട മലയാളികള്‍ക്ക് മനസിലാവില്ല. എന്നിട്ട് ലോകം നന്നാക്കാന്‍ നടക്കുന്നു. വേറെ പണിയില്ലേ. പിന്നെ പുരോഗമന കല സാഹിത്യ സന്ഘതിന്റ്റെ മീറ്റിങ്ങുകളില്‍ പോയി '
വൈരുധയ്തിഷ്ടിത ഭൌതിക വാദം' എന്ന് 'ഭൌ ഭൌ' വെയ്ക്കുന്നതും 'പ്രതിവിപ്ലവം' എന്ന് 'ബ്ല ബ്ല' അടിക്കുന്നതും, ചില്ലറ ജോലിയല്ല. ഇതൊക്കെ ഒരു വലിയ ബൌദ്ധിക വ്യായാമം ആണ്. അതും ഇവിടുത്തെ ശ്രമജീവികള്‍ക്ക് മനസിലാവില്ല. bloody philistines!

ഒന്നുമില്ലെങ്കിലും 'idleness is the ideal of a genius;indolence the virtue of a romantic' എന്നല്ലേ ലോര്‍ഡ്‌ ബൈരോണ്‍(Lord Byron) പറഞ്ഞത്. ഒരു പ്രഭു എന്നാ നിലയില്‍ പുള്ളി ഒരു വര്‍ഗ ശത്രു ആണെങ്കിലും, ഷാജി ആ തത്വം ആത്മാര്‍ഥമായി പ്രാവര്‍ത്തികം ആക്കി.
*************************
എം.എസ്.ചന്ദ്രന്കുന്നേല്‍






Tuesday 6 July 2010

ഫുട്ബോളും ഷാജിയും ചില തത്വങ്ങളും


കേരളം മുഴുവന്‍ ഫുട്ബോള്‍ ജ്വരം ആണല്ലോ. എല്ലാ കവലകളികും മരക്കൊമ്പുകളിലും ഫുട്ബോള്‍ ആരാധകര്‍ബോര്‍ഡുകള്‍ ഉയര്‍ത്തിയിരിക്കുന്നു. ബ്രസീല്‍ ഫാന്‍സ്‌, അര്‍ജെന്റിന ഫാന്‍സ്‌,ഇംഗ്ലണ്ട് ഫാന്‍സ്‌, ഉലക്കെടെമൂട് ഫാന്‍സ്‌-അങ്ങനെ കുറെ ഫാന്‍സ്‌ അസ്സോഷ്യഷനുകളും പൊട്ടി മുളച്ചു. 'കളികളത്തില്‍ കാക്കയ്ക്ക് എന്ത്കാര്യം','മെസ്സിയുടെ മുകളില്‍ ഒരു കാക്കയും പറക്കില്ല', 'ആയിരം മെസ്സിക്ക് അര കാക്ക', 'കാക്ക കുളിച്ചാല്‍മെസ്സിയവില്ല '- എന്നിങ്ങനെ പോകുന്നു ഓരോ വാചകങ്ങള്‍.അങ്ങ് ദക്ഷിണ ആഫ്രികയില്‍ നടക്കുന്ന കോലാഹലത്തിനു ഇവിടെ എന്തിനു എത്ര ബഹളം ഉണ്ടാക്കുന്നു എന്ന് ഷാജി ചിന്തിച്ചു. ഇവന്മാരുടെയോന്നും അമ്മായിമാരുടെ മക്കളല്ലലോ മെസ്സിയും കക്കയുമൊക്കെ. അതിനിടെ, ബൂര്‍ഷ്വാ ടീമുകള്‍ ആയ അമേരിക്കയും ഇന്ഗ്ല്ണ്ടും രണ്ടാം റൌണ്ടില്‍ കയറിയപ്പോള്‍, ചില സഖാക്കള്‍ നാട്ടില്‍ കരി ദിനം ആചരിക്കുനതിനെ പറ്റി ആലോചിച്ചു. ലംപാര്ടിന്റ്റെയും(Lampard) ടോനോവന്റ്റെയും (Donovan) കോലങ്ങള്‍ കത്തിച്ചു. പിന്നെ മാര്‍ക്സിന്റെ മാതൃഭൂമി ആയ ജര്‍മ്മനി ഇന്ഗ്ലാണ്ടിനെയും, ആഫ്രികന്‍ ടീം ഘാനസാമ്രജ്യത്വശക്തിയായ അമേരിക്കയെയും തോല്പിച്ചപ്പോള്‍ അവര്‍ പടക്കംപൊട്ടിച്ചു ആഘോഷിച്ചു. ബഹളത്തില്‍ ഷാജിയും അറിയാതെ പങ്കു ചേര്‍ന്ന് പോയി.

പക്ഷെ,സാധാരണ ആളുകള്‍ കാണുന്നത് പോലെ, കൂകി വിളിച്ചും, തെറി പറഞ്ഞും,തല്ലുണ്ടാക്കിയും തര്ര്‍ക്കിച്ചും ഒന്നും അല്ല ഷാജി കളി കണ്ടത്. അത് പോലത്തെ അലമ്പ് പരിപാടിയൊന്നും ഷാജി ചെയ്യില്ല. ഒന്നുമില്ലെങ്കിലും, നമ്മുടെ ഷാജി ഒരു അറിയപ്പെടുന്ന മഹാന്‍ അല്ലെ. വളരെ താത്വികം ആയി ആണ് ഷാജി കളികള്‍ കണ്ടത്. ഒരുകൈ കൊണ്ട് കഷ്ടപ്പെട്ട് വളര്‍ത്തിയ ബുള്‍ഗാന്‍ താടി തടവികൊണ്ടും ,മറു കൈ കൊണ്ട് ദിനേശ് ബീഡി പുകച്ചും ഷാജി ഫുട്ബോള്‍കളിയുടെ സൈദ്ധാന്തിക വശങ്ങളെ പറ്റി ഗഹനമായി ആലോചിച്ചു. പക്ഷെ തന്റ്റെ നിരീക്ഷണങ്ങള്‍ കൂടെയുള്ളഅലവലാതികളുമായി പങ്കു വച്ചപ്പോള്‍ അവര്‍ക്ക് കലി വന്നു. "കൂടുതല്‍ തൊള്ള തുറന്നാല്‍ നിന്റെ ഡ്യൂപ്ലിക്കേറ്റ്‌ ബുള്‍ഗാന്‍ താടി ഞങ്ങള്‍ കത്തിക്കും. അവന്റെ ഉലക്കെടെ മൂട്ടിലെ ഒരു മാങ്ങ തൊലി സിദ്ധാന്തം."

ഇതായിരുന്നു പ്രതികരണം. ഇതില്‍ മനം തകര്‍ന്ന ഷാജി, തന്റ്റെ തത്വങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കുകയാണ്. ഷാജിക്കറിയാം, ഇന്റെര്‍നെറ്റിലെ മലയാളികള്‍ സംസ്കാരം ഉള്ളവര്‍ ആണെന്ന്. അതുകൊണ്ടാണ് അത് ഈ ബ്ലോഗില്‍ പങ്കു വയ്ക്കുന്നത്.

ആദ്യ റൗണ്ടിലെ കളികള്‍ കണ്ടപ്പോള്‍ ഷാജിക്ക് ഒരു ബുദ്ധി തോന്നി. താരത്യമേന ദുര്‍ബലരായ ടീമുകള്‍ ശക്തരായടീമുകള്‍കെതിര അവലംബിക്കുന്ന പ്രധിരോധ തന്ത്രത്തെ ഒന്ന് കൂടി മെച്ചപെടുത്താം എന്ന് ഷാജിക്ക് തോന്നി. ഷാജിയുടെ ഐഡിയ ഇതായിരുന്നു. എല്ലാ പത്തു കളിക്കാരും ഒരു വൃതതിന്റ്റെ ആകൃതിയില്‍ നിന്ന് കൊണ്ട്പന്തിനെ വലം വയ്ക്കുക. എന്നിട്ട് വൃത്താകൃതിയില്‍ തന്നെ മുന്നോട്ടു നീങ്ങുക. പന്തിനേയും അത് പോലെ മുന്നോട്ടു നീക്കുക . കൈകള്‍ കോര്‍ത്ത്‌ പിടിച്ചു കൊണ്ട് വേണമ് മുന്നേറാന്‍. എതിര്‍ ടീമിന് തകര്‍ക്കാനാവാത്തപ്രധിരോധമതില്‍. എങ്ങനെയുണ്ട്?


പക്ഷെ ഇത് കേട്ടപ്പോള്‍ എല്ലാവരും ഷാജിയെ കളിയാക്കി. ഇതെന്താ ഫുട്ബോള്‍ ഗ്രൗണ്ടില്‍ തിരുവാതിര
കളിയോ?
ഷാജിക്കത് സഹിച്ചില്ല. എന്താ പ്രശ്നം? ഇതു ഫുട്ബോള്‍ നിയമത്തിനു എതിരല്ലലോ?ഇറ്റലി ടീമിന് 'താക്കോല്‍ പൂട്ട്‌' എന്നറിയപ്പെടുന്ന കാട്ടെനാചിയൊ(cattenaccio) ശൈലിയില്‍ കളിക്കമെങ്ങില്‍, എന്തു കൊണ്ട് ഈ പറയുന്ന തിരുവാതിര ശൈലിയില്‍ കളിച്ചു കൂടാ? ഷാജിക് മനസ്സിലാവുന്നില്ല.

ഷാജിക്ക് വളരെയധികം ഇഷ്ടപെട്ട മറ്റൊരു കളിയായിരുന്നു ഇന്ഗ്ലാണ്ടിന്റ്റെയും ജെര്‍മനിയുടെയും രണ്ടാം റൌണ്ട് മാച്ച്. കളിയുടെ സൌന്ദര്യതിനെക്കാള്‍ ഉപരി, ഷാജിയെ ആകര്‍ഷിച്ചത് കളിയില്‍ പ്രകടമായ ചില തത്വശാസ്ത്രപരമായ വെളിപാടുകള്‍ ആയിരുന്നു. ചരിത്രം നീതിമാനായ ഒരു ന്യായധിപനാണ്. ചരിത്രത്തിന്റെ പിഴവുകള്‍ക്ക് ചരിത്രം തന്നെ പ്രതിക്രിയ ചെയ്യും. കുറച്ചു കാല താമസം ഉണ്ടാകും എന്നേയുള്ളൂ. പ്രപഞ്ച സത്യം ഷാജിക്ക് വെളിവായത്, കളിയുടെ മുപ്പത്തിയെട്ടാം മിനുട്ടില്‍, ഇംഗ്ലണ്ട് ഫോര്‍വേഡ് ഫ്രാങ്ക് ലംപര്ദ് അടിച്ച ഗോള്‍ നിഷേധിക്കപെട്ടപ്പോഴാണ്. ക്രോസ് ബാറില്‍ തട്ടി അകത്തേക്ക് കയറി ബോള്‍, ഗോള്‍ ലൈന്‍ കടന്നു എന്ന് വ്യക്തമായിരുന്നു എങ്കിലും, റഫറി ഗോള്‍ അനുവദിച്ചില്ല. ഇതു സംഭവിച്ചപ്പോള്‍, മുപ്പത്തിനാല് വര്‍ഷങ്ങള്‍ മുമ്പ് സംഭവിച്ച ഒരു പിഴവിന് പരിഹാര ക്രിയ ചെയ്യപെടുകയായിരുന്നു.


രംഗം 1966 ലോക കപ്പ്‌ ഫൈനല്‍. വേദി ലണ്ടനിലെ വെംബ്ലി stadium.എതിരാളികള്‍ വീണ്ടും ജെര്‍മനിയും ഇന്ഗ്ലാണ്ടും.മുഴുവന്‍ സമയ കളിയുടെ അവസാനം ഇരു ടീമുകളും 2-2 എന്ന നിലയില്‍ നില്‍ക്കുന്നു. എക്സ്ട്രാ ടൈമിലെ പതിനൊന്നാം മിനിറ്റില്‍ , ഇംഗ്ലണ്ട് ഫോര്‍വേഡ് ജെഫ്ഫ് ഹേര്സ്റ്റ്(geoff hurst) തൊടുത്ത ഷോട്ട്, ക്രോസ് ബാറില്‍ തട്ടി താഴേക്കു വന്നതിനു ശേഷം ഗോളി ക്ലിയര്‍ ചെയ്തു. അത് ഗോള്‍ ലൈന്‍ കടന്നു എന്ന് റഫറി വിധിച്ചു. വളരെ സംശയാസ്പദകമായ സാഹചര്യത്തില്‍ ഗോള്‍ അനുവധിക്കപെട്ടു.വളരെയധികം വിവാദപരമായ ഗോള്‍ ഇരു രാജ്യത്തിലെയും ഫുട്ബോള്‍ പ്രേമികള്‍ക്ക് മറക്കാനായില്ല. രംഗത്തിന്റെ ഒരു പുനരാവര്‍ത്തനം ആയിരുന്നു മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ദക്ഷിണ ആഫ്രിക്കയിലെ ബ്ലൊമ്ഫൊന്ടെഇനില്(bloemfontein) നടന്നത്. ജെര്‍മന്കാര്‍ക്ക് വൈകി വന്ന മധുര പ്രതികാരം. "Revenge is a dish which is best served cold" എന്ന മാറിയ പുസോയുടെ(Maria Puzo) വാചകം ഷാജിക്ക് ഓര്‍മ്മ വന്നു.

ഹോളണ്ട് ബ്രസീലിനെ തോല്പ്പിച്ചപ്പോഴും ഇത് പോലത്തെ ഒരു കാവ്യ നീതി ഷാജിക്ക് അനുഭവപെട്ടു. 1994 ലോകകപ്പില്‍ ക്വാര്ടരിലും1998 ലോകകപ്പില്‍ സെമിയിലും തങ്ങളെ തകര്‍ത്ത ബ്രസീലിനെ ഹോളണ്ട് ആധികാരികമായി പരാജയപെടുതിയപ്പോള്‍, ഷാജിയുടെ മനസ്സിലും ഓറഞ്ച് പൂക്കള്‍ വിടര്‍ന്നു. ബോറന്‍ ബ്രസീലുംഅലമ്പന്‍ അര്‍ജെന്റിനയും അടുത്തടുത്ത ദിനങ്ങളില്‍ നാട്ടിലേക്ക് വണ്ടി കയറിയപ്പോള്‍ ഷാജി മനസ്സില്‍ അറിയാതെപറഞ്ഞു പോയി
"ഹോ, എന്തൊക്കെയായിരുന്നു!!മെസ്സി, കാക്ക, മറഡോണ....അവസാനം പവനായി ശവമായി"

ഇത് കേട്ടപ്പോള്‍, ബ്രസീല്‍ ഫാന്‍സും അര്‍ജെന്റിന ഫാന്‍സും ഒരുമിച്ചു നമ്മുടെ ഷാജി അണ്ണനെ നല്ല പോലെകൈകാര്യം ചെയ്തു. അവരെ കുറ്റം പറയാനും വയ്യ. അടിച്ചുമാറ്റിയും പണയം വെച്ചും കിട്ടിയ കാശ് കൊണ്ട് കെട്ടിപൊക്കിയ ഫ്ലെക്സ് ബോര്‍ഡും മറ്റും വെറുതെ ആയല്ലോ എന്നാ വിഷമത്തില്‍ ഇരിക്കുമ്പോഴാണ്, ഒരു അലവലാതി ഡയലോഗ് അടിക്കുന്നത്.




പക്ഷെ അത് കൊണ്ടൊന്നും ഷാജി പിന്മാറില്ല. ഫുട്ബോളിനെ താത്വവല്കരിക്കുക എന്നാ തന്റെ മഹനീയ ദൌത്യത്തില്‍ നിന്ന് പുള്ളി പിന്തിരിഞ്ഞില്ല. ബുള്‍ഗാന്‍ താടിക്ക് കട്ടി കൂടി. ഷാജിയുടെ തല കനവും കൂടി. പുള്ളിയുടെ തത്വങ്ങളുടെ കനവും കൂടി.

ഷാജി കഷ്ടപ്പെട്ട് ചിന്തിചെടുത്ത 'ചരിത്രതിന്റ്റെ കാവ്യനീതി' എന്നാ ആശയത്തെ അപ്പാടെ തകര്‍ത്തു കളഞ്ഞതയിരുന്നു ഘാനയും ഉരുഗ്വയും തമ്മില്‍ നടന്ന ക്വാര്ട്ടെര്‍ മത്സരം.ഇരു ടീമുകളും 1-1 എന്ന അവസ്ഥയില്‍ നില്‍കുമ്പോള്‍, ഘാന കളിക്കാരന്‍ അടിച്ച ഷോട്ട് ഉറുഗ്വേ കളിക്കാരന്‍ ലുഇസ് സുഅരെസ്(Luis Suarez) കൈ കൊണ്ട് തടുത്തു. ഗോളിയെ കടന്നു പോയ പന്ത് ഉറപ്പായിട്ടും ഗോള്‍ വലയില്‍ പ്രവേശിക്കുമായിരുന്നു. കളിയുടെ അവസാന നിമിഷത്തിലാണ് ഇത് നടന്നത് എന്ന് ഓര്‍ക്കണം.
പക്ഷെ ഫുട്ബോളിനും നിയമങ്ങള്‍ ഉണ്ടല്ലോ. നിയമങ്ങള്‍ക്കു പരിമിധികള്‍ ഉണ്ടല്ലോ.പഴുതുകള്‍ ധാരാളം ഉണ്ടല്ലോ.സുഅരെസിനു റെഡ് കാര്‍ഡ്‌ കിട്ടി. ഘാനയ്ക്കു പെനല്ടിയും. പക്ഷെ അസമോവ ഗ്യാന്‍(Asamovah Gyan) എടുത്ത ഷോട്ട് ഗോള്‍ ആയില്ല.

"ഇതെന്തു നീതി. അന്യായം!അസഹ്യമായ അന്യായം!!" ഷാജി വികാരവിക്ഷോഭിതനായി. തുടര്‍ന്ന് നടന്ന പെനാല്‍ടി ഷൂട്ട്‌ ഔട്ടില്‍ ഘാനയ്ക്കു അര്‍ഹമായ വിജയം സംഭവിക്കും എന്ന് ഷാജി പ്രതീക്ഷിച്ചു. പക്ഷെ, വിധിയുടെ ക്രൂരമായ ഫലിതത്തിനു ഘാന പാത്രമായി. അവര്‍ തോറ്റു. ഷാജി തകര്‍ന്നു.

ഇത് ഷാജിക്ക് ഒട്ടും അന്ഗീകരിക്കാനയില്ല. ഇതിലും പ്രകടമായ അനീതികള്‍ക്കു സ്വന്തം ജീവിതത്തില്‍ സാകഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, ഫുട്ബള്ളില്‍ ഇത്തരം ചതികള്‍ ഷാജി പ്രതീക്ഷിചില്ല.മനുഷ്യരുള്ളയിടതെല്ലാം ചതിയും അസംബന്ധവും സ്വാഭികമാണെന്ന് പുള്ളിക്ക് തോന്നി. ഘാനയോടോപ്പും ഷാജിയും അന്ന് വിലപിച്ചു. ഉറുഗ്വയെ ശപിക്കുകയും ചെയ്തു. മൂന്ന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഘാന ഉറുഗ്വയെ ഇത് പോലെ തോല്പ്പിക്കുമായിരിക്കും.ജെര്‍മനിയുടെ കാര്യത്തില്‍ നടന്ന പോലെ. ഇന്ത്യന്‍ ന്യായവ്യവസ്ഥ പോലെ, മടിയനായ ഒരു നീതിമാനയിരിക്കും ചരിത്രം.

എന്തായാലും ഷാജിയുടെ ശാപം ഏറ്റു. സെമി ഫൈനലില്‍ ഹോളണ്ട് ഉറുഗ്വയെ എടുത്തിട്ട് അലക്കി. 'ദൈവത്തിന്റെ പുതിയ കൈയാണ്' തന്റേതു എന്ന് വീമ്പു മുഴക്കിയ സുഅരെസിനു കളിക്കാനും പറ്റിയില്ല. ആകെപ്പാടെ ഉറുഗ്വേ ടീമില്‍ ഡിയേഗോ ഫോര്‍ലാന്‍(Diego Forlan) മാത്രമേ കളിക്കുന്നുണ്ടയിരുനുള്ളൂ. ബാക്കിയെല്ലാവരും ഗ്രൗണ്ടില്‍ വാഴ നട്ടു കൊണ്ടിരിക്കുകയായിരുന്നു. രോബ്ബനും(Robben) ഷ്നെഇയ്ദെരുമ്(Sneijder) തിമിര്‍ത്തു കളിക്കുന്ന ഹോളണ്ടിന് മുന്നില്‍, ഫോര്‍ലാന്‍ ഒറ്റയ്ക്ക് എന്ത് ചെയ്യാന്‍. സഹകരിക്കാന്‍ ആരുമില്ലാത്തത്‌ കൊണ്ടായിരിക്കും ഫോര്‍ലാന്‍ ഒറ്റയ്യ്ക് ഗോളടിക്കാന്‍ നോക്കിയത്. അത് ഫലിക്കുകയും ചെയ്തു. പക്ഷെ അത് പോരായിരുന്നു ഓറഞ്ച് പടയുടെ മുന്നില്‍ പിടിച്ചു നില്‍കാന്‍.

'കളിക്കളത്തില്‍ തോറ്റതിനു നീരളിയോടു' എന്ന് പറയുന്നത് പോലെയായിരുന്നു സെമി ഫൈനല്‍ കഴിഞ്ഞപ്പോള്‍ ഷാജിയുടെ പ്രതികരണം. കളി തുടങ്ങുന്നതിനു മുമ്പ്, ജെര്‍മനിയിലെ ഒരു നീരാളി പോള്‍(Octopus Paul), ജെര്‍മനി തോല്‍ക്കുമെന്ന് പ്രവചിച്ചത്രേ. നീരാളി നേരെത്തെ നടത്തിയ പ്രവചനങ്ങള്‍ എല്ലാം ഫലിച്ചു. ജെര്‍മനി സെര്‍ബിയയോട് തോല്‍ക്കുമെന്ന് വരെ നീരാളി മോന്‍ പ്രവചിച്ചു. അതിനു ശേഷം ജെര്‍മനിയുടെ എല്ലാ വിജയങ്ങളും ശരിയായി തന്നെ പ്രവചിച്ചു. അത് കൊണ്ട്, സെമി മത്സരത്തിനു മുമ്പ് നടത്തിയ പ്രവചനം കേട്ടപ്പോള്‍ ജര്‍മ്മന്‍ ഫാന്‍സ്‌ മുഴുവന്‍ നിരാശരായി. പക്ഷെ നമ്മുടെ ഷാജി അത് കൊണ്ടൊന്നും കുലുങ്ങിയില്ല.

"വിശുദ്ധ പൗലോസ്‌ പറയുന്നത് പോലും ഞാന്‍ വക വെയ്ക്കാറില്ല. അപ്പോഴാ,ഒരു ചീള് നീരാളി പൗലോസ്‌. " നമ്മുടെ കഥാനായകന്‍ സ്ഥലത്തെ ഒരു പ്രധാന യുക്തിവാദിയും നിരീശ്വരവാദിയും ആണ്. അപ്പൊ പിന്നെ ഇതു പോലത്തെ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് അടിമപ്പെടാന്‍ പാടില്ലല്ലോ. അത് കൊണ്ട്, ജെര്‍മനി ജെയ്ക്കുമെന്നു ഷാജി ഉറച്ചു വിശ്വസിച്ചു.അത് ക്ലോസേയിലും(Klose) പെടെല്സ്കിയിലും(Podolski) ഉള്ള വിശ്വാസം കൊണ്ട് മാത്രമല്ല. അസംബന്ധങ്ങള്‍ക്ക് മീതെ യുക്തിഎപ്പോഴും വിജയം കൈവരിക്കുമെന്ന് ഷാജിക്ക് ഉറപ്പായിരുന്നു .

പക്ഷെ കളി കഴിഞ്ഞപ്പോള്‍ ഷാജി അന്തം വിട്ടു. ഇംഗ്ലണ്ട്, അര്‍ജെന്റിന മുതലായ അതികായന്മാരെ തകര്‍ത്തുസെമിയില്‍ പ്രവേശിച്ച ജെര്‍മനിക്ക് , അവരുടെ ഉശിരൊന്നും സ്പാനിഷ് കാള കൂറ്റന്മാരുടെ അടുത്ത് പ്രകടിപ്പിക്കാനയില്ല . ജെര്‍മനിക്ക് ബോള്‍ തൊടാന്‍ പോലും കിട്ടിയില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ജെര്‍മനിയുടെ സെമിപ്രതീക്ഷകള്‍കകൊപ്പം തകര്‍ന്നത് ഷാജിയുടെ യുക്തിവാദവുമായിരുന്നു . ആ പരട്ട നീരാളിയാണ് ജെര്‍മനിയുടെ പരാജയ കാരണം എന്ന് ഷാജി വിശ്വസിച്ചു. അതിനെ വറുത്തു തിന്നാന്‍ ബെര്‍ലിനിലേക്ക് വിമാന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നതിനെ പറ്റിയുള്ള ആലോചനയിലാണ് പുള്ളി.


പക്ഷെ കഷ്ടമെന്നു പറയട്ടെ. മൂന്നാം
സ്ഥാനത്തേക്കുള്ള മത്സരത്തിലും നീരാളി കുട്ടന്റ്റെ പ്രവചനം ശരിയായി. ജീവിതത്തില്‍ ഒരിക്കിലും പിന്തുനചിട്ടില്ലാത്ത ഉറുഗ്വേ ടീമിനെയാണ് ഷാജി അന്ന് പിന്തങ്ങിയത്. ആവേശോജ്വലമായ മത്സരത്തില്‍ ജെര്‍മനി ഉറുഗ്വയെ പരാജയപെടുത്തി.ഇതെന്തു മറിമായം? ഷാജി ചിന്തിച്ചു.

ഫ്യ്നലില്‍ സ്പയിനിനെ ആണ് നീരാളി പിന്തുണച്ചത്‌. അതില്‍ ഷാജിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. യേത് പോലീസുകാരനും
അത് പ്രവചിക്കാന്‍ പറ്റും. നല്ല ഒത്തിണക്കത്തോടെ കളിക്കുന്ന സ്പയിനിനു മുന്നില്‍, പഴയ മാസ്മരികത അവകാശപെടനില്ലാത്ത ഹോല്ലണ്ടിനു പ്രത്യേകിച്ചൊന്നും ചെയ്യാനാവില്ല എന്ന് ഷാജിക്ക് ഉറപ്പായിരുന്നു. അത് പോലെ സംഭവിക്കുകയും ചെയ്തു. ഒരു തരം കബഡി കളി ശൈലിയായിരുന്നു ഹോല്ലണ്ട് പുറത്തെടുത്തത്. എത്ര ഫൌലായിരുന്നു മത്സരത്തില്‍. ഡച് ടീമിലെ എട്ടു പേര്‍ക്കാണ് മഞ്ഞ കാര്‍ഡ് കിട്ടിയത്. ഒരു കളിക്കാരന് റെഡ് കാര്‍ഡും കിട്ടി.


മത്സരത്തിന്റെ ഉദ്വേഗത്തിന് ശമനമായത് നൂറ്റി പതിനാറാം മിനിടിലാണ്. മനോഹരമായ ഒരു മുന്നേറ്റത്തിന്റെ പരിണിത ഫലമായി വന്ന ഒരു ഗോള്‍. ആന്ദ്രെ ഇനിഎസ്ടയനു(ANDRES INIESTA) ഗോള്‍ അടിച്ചത്. അതോടെ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായി.സ്പയിന്‍ ലോക കപ്പു ജേതാക്കള്‍ ആയി.

അങ്ങനെ ഒരു മാസം നീണ്ടു നിന്ന ഫുട്ബോള്‍ മാമാങ്ങതിനു തിരശീല വീണു. ഷാജിക്ക് വല്ലാത്ത ഹൃദയ വേദന തോന്നി. പൂര്‍ണ ഹൃദയം നല്‍കി സ്നേഹിച്ച പ്രേയസി അകാലത്തില്‍ പിരിഞ്ഞു പോകുമ്പോള്‍ തോന്നുന്ന അനുഭൂതി. ഹാ,അതാണ് ജീവിതം. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ഇനി ദൈനംദിന ജീവിതത്തിലെ വിരസതയിലേക്ക്‌ മടങ്ങണം. ഒരു മാസത്തോളം മെസ്സിയും രോബ്ബനും വിയ്യയും നിറഞ്ഞു നിന്ന മണ്‍സൂണ്‍ രാത്രികള്‍ക്ക് ഇനി കൂട്ട് കൊതുക് കടിയും അയലത്തെ സുന്ദരിയെ കുറിച്ചുള്ള ഭാവനകളും. വുവുസേലയുടെ മുഴക്കത്തിനു പകരമാകുമോ കൊതുകിന്റെ മൂളല്‍? വാതു വെയ്പ്പുകള്‍ക്കും ചൂടേറിയ ചര്‍ച്ചകള്‍ക്കും വിട. നാല് വര്‍ഷത്തേക്ക് എല്ലാം ശാന്തം. നീരാളി
പൌലോസിനെ വെറുതെ വിടാന്‍ ഷാജി തീരുമാനിച്ചു. പാവം. എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ. ഇനി രണ്ടായിരത്തി പതിനാലില്‍ ബ്രസീലില്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷാജി. നാട്ടിലെ കരണ്ട് കട്ട് കാരണം പകുതി കളി കാണാന്‍ പറ്റിയില്ല. നേരിട്ട് കാണുമ്പോള്‍ ശല്യം ഇല്ലല്ലോ. കൂടാതെ നല്ല സാംബ സുന്ദരിമാരുമായി തന്റെ തത്വങ്ങള്‍ പങ്കു വെയ്ക്കുകയും ചെയ്യാം. അതിനു വേണ്ടി കുറച്ചു കാശുണ്ടാകണം. അതിനുള്ള വഴി നോക്കട്ടെ. അപ്പോള്‍, കാണാം. അങ്ങ് റിയോ ദേ ജെനിരിയയില്‍.
***********************************************************************
എം. എസ്. ചന്ദ്രന്കുന്നേല്‍